This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്ത്യന്‍ സയന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്ത്യന്‍ സയന്‍സ്

ഒരു ക്രൈസ്തവ സഭാവിഭാഗം. 1879-ല്‍ യു.എസ്സിലെ മാസച്യുസെറ്റ്സ് സംസ്ഥാനത്താണ് ആദ്യമായി ഈ സഭ രൂപം കൊണ്ടത്. സഭയുടെ സ്ഥാപകയാണ് മേരി ബേക്കര്‍, എഡി (Mary Baker Eddy). നിലവിലുണ്ടായിരുന്ന പ്രോട്ടസ്റ്റന്റ് പാരമ്പര്യത്തില്‍നിന്നു വിഭിന്നമായ ഒരു നിലപാടാണ് മേരി ബേക്കര്‍ അവലംബിച്ചത്. അതിനാല്‍ കത്തോലിക്കാസഭയില്‍ നിന്നും സാധാരണ പ്രോട്ടസ്റ്റന്റ് സഭയില്‍ നിന്നും വേര്‍പെട്ട് പ്രത്യേക സഭയായി ക്രിസ്ത്യന്‍ സയന്‍സ് നിലകൊള്ളുന്നു. ആരംഭിച്ച് ഏതാണ്ട് മൂന്നു ദശവര്‍ഷംകൊണ്ട് വികസിച്ചു രൂപമെടുത്ത ഈ സഭാവിഭാഗം 1906-ല്‍ ആസ്ഥാനം ബോസ്റ്റണ്‍ നഗരത്തില്‍ ഉറപ്പിച്ചു.

കര്‍ത്താവായ യേശുക്രിസ്തുവിന്റെ വാക്കുകളെയും പ്രവൃത്തികളെയും അവയുടെ ആദ്യകാല പരിശുദ്ധിയില്‍ വീണ്ടെടുത്ത് ആദി ക്രിസ്തുമതത്തിന്റെ ചൈതന്യവും രോഗശാന്തി ദാനവരവും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്ത്യന്‍ സയന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. മേരി ബേക്കര്‍ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ 1875-ല്‍ രചിച്ച ശാസ്ത്രവും ആരോഗ്യവും (Science and Health) എന്ന ഗ്രന്ഥം ക്രിസ്ത്യന്‍ സയന്‍സ് പ്രസ്ഥാനത്തിന്റെ ആധികാരിക പ്രമാണമായി കരുതപ്പെടുന്നു.

ക്രിസ്ത്യന്‍ സയന്‍സ് സഭയ്ക്കു നിയതമായ അനുഷ്ഠാന വിധികള്‍ ഇല്ലെങ്കിലും ക്രമീകൃതമായ ഒരു സാധനാപദ്ധതിയും ആധ്യാത്മിക ജീവിതരീതിയും ഉണ്ട്. ഹൃദയംഗമമായ അനുദിന പ്രാര്‍ഥന, നിരന്തരമായ ഈശ്വരസമ്പര്‍ക്കം, ആന്തരിക പുനര്‍ജന്മം മുതലായവയ്ക്ക് ഇവര്‍ പ്രാധാന്യം നല്കുന്നു. ദേവാലയ കര്‍മങ്ങള്‍ക്കുപകരം ബൈബിള്‍ പാരായണമാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. സ്വയം പ്രേരിത പ്രാര്‍ഥന (Spontaneous prayer), ഓരോരുത്തര്‍ക്കും ലഭിച്ച രോഗവിമുക്തിയെപ്പറ്റിയുള്ള സാക്ഷ്യങ്ങള്‍ എന്നിവയും ഇവരുടെ മതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ബുധനാഴ്ചയാണ് സാധാരണയായി മതസമ്മേളനങ്ങള്‍ നടത്താറുള്ളത്.

ജ്ഞാനസ്നാന കൂദാശയും (മാമ്മോദീസ) തിരുവത്താഴവും മാത്രമേ ഇവര്‍ അനുഷ്ഠിക്കാറുള്ളൂ. യേശുവിലുള്ള വിശ്വാസത്തിലൂടെയാണ് ഇവര്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നത്.

ക്രിസ്ത്യന്‍ സയന്‍സ് സഭയ്ക്കു ശരിയായ അര്‍ഥത്തില്‍ ഒരു 'സഭാസംവിധാനം' ഇല്ല. സഭാംഗങ്ങള്‍ തുല്യരാണ്; വൈദിക അവൈദികഭേദമില്ല. അതിനാല്‍ ഈ സഭയില്‍ പുരോഹിത ശുശ്രൂഷയുമില്ല. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് അംഗങ്ങളുടെ ഒരു സംഘമാണ് ഓരോ ക്രിസ്ത്യന്‍ സയന്‍സ് സമൂഹത്തിന്റെയും ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രാര്‍ഥനാസമ്മേളനങ്ങളിലും മറ്റും നേതൃത്വം നല്കുന്നതും ഇവര്‍ തന്നെയാണ്.

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍